Tuesday, November 19, 2013

സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പുതിയ നീക്കങ്ങള്‍ക്ക്‌ അണിയറ നീക്കങ്ങള്‍ സജീവമായി.

യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും തമ്മില്‍ കൈകോര്‍ക്കുന്നതായിട്ടാണ്‌ പുതിയ വാര്‍ത്തകള്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി ഒഴിവാക്കപ്പെട്ടതോടെയാണ്‌ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്‌. കോണ്‍ഗ്രസുമായി പരമാവധി അകലണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു വിഭാഗം ലീഗിനുള്ളില്‍ തന്നെയുണ്ട്‌.
പിണറായിക്ക്‌ അച്യുതാനന്ദന്റെ ലീഗ്‌ വിരുദ്ധ സമീപനങ്ങളെ അവഗണിക്കാനാകുമെന്ന ഉറച്ച വിശ്വാസവും ലീഗിനുണ്ട്‌. പിണറായി പാര്‍ട്ടിയില്‍ ശക്തനായാതും അച്യുതാനന്ദന്റെ കാലം കഴിഞ്ഞതായും ലീഗ്‌ നേതാക്കള്‍ വിലയിരുത്തുന്നു. മുമ്പ്‌ സിപിഎമ്മില്‍ നിന്നും പുറത്താക്കലിന്‌ വിധേയനായ എം.വി.രാഘവന്‍ അവതപരിപ്പിച്ച ബദല്‍രേഖയ്‌ക്ക്‌ അന്ന്‌ എല്ലാ പിന്തുണയും കൊടുത്തിരുന്നത്‌ പിണറായിയുടെ കണ്ണൂര്‍ ലോബിയായിരുന്നു. എന്നാല്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങിയതോടെ അന്ന്‌ കാര്യമായ അധികാരങ്ങളില്ലാത്ത പിണറായിയും കൂട്ടരും നിലപാട്‌ മാറ്റുകയായിരുന്നു. 

ലീഗ്‌ നേതാക്കളില്‍ പലര്‍ക്കും സിപിഎമ്മുമായി അടുക്കണമെന്ന്‌ താല്‍പ്പര്യമുണ്ട്‌. ലീഗിന്‌ ഇപ്പോള്‍ തങ്ങളുടെ മന്ത്രിമാരെ നിയന്ത്രിക്കാനാകുന്നില്ലെന്നും ലീഗിന്‌ പ്രാതിനിധ്യമുള്ള ഇടതുസര്‍ക്കാര്‍ വന്നാല്‍ ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാകുമെന്നും കരുതുന്നവരും കുറവല്ല. 

ഇരുപാര്‍ട്ടികളും തമ്മില്‍ പരസ്‌പര സഹകരണത്തിന്‌ പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ധാരണയിലെത്തിയതായിട്ടാണ്‌ വിവരം. ലാവ്‌ലിനില്‍ നിന്നും രക്ഷപ്പെട്ട വിജയനെ ഇനി ആര്‍ക്കും നിയന്ത്രിക്കാനാകില്ല. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക്‌ കേന്ദ്ര നേതൃത്വം വഴങ്ങുമെന്നാണ്‌ സൂചനകള്‍. 

ലീഗിനെ കൂടാതെ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെയും സിപിഎം ലക്ഷ്യമിടുന്നുണ്ട്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്‌ മത്സരിക്കാന്‍ മലബാറില്‍ മൂന്ന്‌ സീറ്റ്‌ നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന സിപിഎം കേരള കോണ്‍ഗ്രസിന്‌ രണ്ട്‌ സീറ്റ്‌ നല്‍കാനും തയ്യാറാണെന്നാണ്‌ സൂചന. ലീദിന്റെ മുന്നണി പ്രവേശനത്തെ ഇടതുപക്ഷത്തെ മുഖ്യ സഖ്യക്ഷിയായ സിപിഐ യും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും എതിര്‍ക്കുമെങ്കിലും പിണറായിയുടെ നിശ്ചയദാര്‍ഡ്യത്തിന്‌ മുന്നില്‍ അത്‌ എത്രത്തോളം ഫലവത്താകുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നു.

Leave a Reply

Subscribe to Posts | Subscribe to Comments

- Copyright © News Bums - Skyblue - Powered by Blogger - Designed by Johanes Djogan -